മണിപ്പൂർ കലാപം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്. സംസ്ഥാനത്തെ കലാപാന്തരീക്ഷം അവസാനിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും ഇടപെടണമെന്ന ആവശ്യമാണ് ആർഎസ്എസ് മുന്നോട്ട് വെയ്ക്കുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കലാപത്തിലെ ഇരകളോടൊപ്പമാണെന്നും സംഘർഷം നീളുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസത്തിലേറെയായി മണിപ്പൂരിൽ കലാപം തുടരുകയാണ്. ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകൾ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അതേസമയം, വിഷയത്തിൽ ഇടപെടാത്തതിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. പത്ത് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.

മണിപ്പുരിൽ നിന്നുള്ള പത്ത് പാർട്ടികളുടെ നേതാക്കൾ എ.ഐ.സി.സി. ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയിരുന്നു. ജൂൺ പത്തുമുതൽ പത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമന്ത്രിയെക്കാണാൻ കാത്തിരിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. അന്ന് തന്നെ ഇവർ കത്തയച്ച് സമയം തേടിയിരുന്നു. എന്നാൽ, ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്. ജൂൺ 20-ന് വിദേശപര്യടനത്തിന് പോകുന്നതിന് മുമ്പെങ്കിലും പ്രതിപക്ഷനേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.