അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകര്‍: ജസ്റ്റിസ് അനു ശിവരാമന്‍

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകരെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍. നീതിയുക്തവും സ്വതന്ത്രവും പരിഷ്‌കൃതവുമായ ഒരു സമൂഹത്തിന് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണ്. കേരള മീഡിയ അക്കാദമി 2021-22 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 1987 ലെ അക്കാദമിയുടെ ആദ്യ ബാച്ചിലെ ഒന്നാം റാങ്ക് ജേതാവ് കൂടിയാണ് ജസ്റ്റിസ്.

മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നത് സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നും മൂല്യബോധവും പക്വതയുമുള്ള മാധ്യമ സംസ്‌കാരം തിരിച്ചു പിടിക്കാന്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളോടെ നിവര്‍ന്ന നട്ടെല്ലൊടെ പറയേണ്ടത് പറയാന്‍ സാധിക്കട്ടെ എന്ന് അവര്‍ വിദ്യാര്‍ത്ഥികളെ ആശംസിച്ചു. മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ പഠിച്ചിറങ്ങിയ സ്ഥാപനം എന്നത് മാത്രമല്ല കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ക്ലാസുകളാണ് അക്കാദമിയിലെ പ്രത്യേകതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.