ബെർലിൻ: സർക്കാർ സംരക്ഷണത്തിലുള്ള ഇന്ത്യൻ വംശജയായ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി ജർമൻ കോടതി. കുഞ്ഞിനേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി. രണ്ടര വയസ്സുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവർ നൽകിയ ഹർജിയാണ് ബെർലിനിലെ പാങ്കോവ് കോടതി തള്ളിയത്.
2021 സെപ്തംബർ മുതൽ ബെർലിനിലെ കെയർഹോമിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ മാതാപിതാക്കൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ചാണ് ജർമൻ അധികൃതർ കുട്ടിയെ പ്രത്യേക സംരക്ഷണത്തിലേക്ക് മാറ്റിയത്. 2018-ലാണ് സോഫ്റ്റ് വെയർ എൻജിനീയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയിൽ നിന്ന് ജർമനിയിലേക്ക് ജോലിക്ക് പോയത്.
ജർമനിയിലായിരുന്നു അരിഹ ജനിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണ് അരിഹയുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരുക്കേറ്റന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചികിത്സ നൽകുകയും ചെയ്തു. കുട്ടിയുടെ മുറിവുകൾ പരിശോധിച്ചപ്പോൾ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്നാണ് കുട്ടിയെ സർക്കാർ ഏറ്റെടുത്തത്. കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു.

