തങ്ങളുടെ പോരാട്ടം സർക്കാരിനെതിരല്ല, ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയാണ്; ആരോപണങ്ങൾക്ക് മറുപടി നൽകി സാക്ഷി മാലിക്

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകി സാക്ഷി മാലിക്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാക്ഷി മാലിക് ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ഭർത്താവും ഗുസ്തി താരവുമായ സത്യവർത് കാഡിയയും സാക്ഷി മാലിക്കിനൊപ്പം വീഡിയോയിലുണ്ട്.

‘സത്യം’ ഇതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഈ ദിവസംവരെയുള്ള കാര്യങ്ങളിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. സമരത്തിലുടനീളം തങ്ങളെ പിന്തുണച്ച വ്യക്തികൾക്കും സംഘടനകൾക്കും സാക്ഷിയും ഭർത്താവ് കാഡിയനും നന്ദി അറിയിച്ചു. സംയുക്ത കിസാൻ മോർച്ച, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ്, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു സാക്ഷി ഇവർക്ക് നന്ദി അറിയിച്ചത്.

സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസാണ് സമരത്തിന് പിന്നിലെന്നും ചില ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ജനുവരിൽ ജന്തർ മന്ദറിൽ സമരം നടത്തുന്നതിനുള്ള അനുമതി പത്രം സാക്ഷി മാലിക് പുറത്തുവിട്ടു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസിൽ നിന്ന് അനുമതി എടുത്തതെന്നും സാക്ഷി മാലിക് പറഞ്ഞു. തങ്ങളുടെ പോരാട്ടം സർക്കാരിനെതിരല്ല, ഏഴോളം ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ഉന്നയിച്ച ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയാണ്. ഇത്തരത്തിലൊരു ഗുരുതരമായ പ്രശ്നം ഉന്നയിക്കുന്നതിൽ ഐക്യമില്ലായ്മയാണ് ഇത്രയും കാലം പുറത്ത് വരാൻ വൈകിയത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ഭയമുണ്ടായിരുന്നു, ഈ സമ്മർദ്ദം ഞങ്ങൾക്ക് രണ്ടാമത്തെ വെല്ലുവിളിയായിരുന്നുവെന്നും സാക്ഷി വ്യക്തമാക്കി.

ഗുസ്തി താരങ്ങൾ എന്ന് പറയുന്നത് ഭൂരിപക്ഷം പേരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെട്ടവരാണ്. ബ്രിജ്ഭൂഷൺ സിങ്ങിനെ ശക്തനും ഭരണകക്ഷിയിൽപ്പെട്ട വലിയ രാഷ്ട്രീയ സ്വാധീനവുമുള്ള ഒരു വ്യക്തിക്കെതിരെ പോരാടുക എന്ന് പറയുന്നത് അവർക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഗുസ്തി സമൂഹത്തിലെലെ പല വ്യക്തികളും പ്രശ്‌നങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഐക്യം ഇല്ലായിരുന്നു, മാത്രമല്ല അവരുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുകയും ചെയ്തു. ഗുസ്തിയുമായി ബന്ധപ്പെട്ടുള്ള ഭൂരിപക്ഷം താരങ്ങൾക്കും കോച്ചുമാർക്കും ഗുസ്തിഫെഡഫറേഷനിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും സാക്ഷി ചൂണ്ടിക്കാട്ടി.