തട്ടിപ്പ് കേസ്; കെ സുധാകരന്റെ പേരുപറയാതിരിക്കാൻ ഇടനിലക്കാരൻ വന്നുകണ്ടിരുന്നുവെന്ന ആരോപണവുമായി പരാതിക്കാർ

കൊച്ചി: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ. മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ കേസിൽ കെപിസിസി പ്രസിഡന്റായ കെ സുധാകരന്റെ പേരുപറയാതിരിക്കാൻ ഇടനിലക്കാരൻ വന്നുകണ്ടിരുന്നുവെന്നാണ് പരാതിക്കാരിലൊരാളായ ഷമീറിന്റെ ആരോപണം. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം പരാതിക്കാരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

എബിൻ എബ്രഹാം കെ സുധാകരനുമായി ബന്ധമുള്ള നേതാവാണ്. മോൻസൺ മാവുങ്കലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ മൊഴി നൽകാതിരിക്കാനാണ് എബിൻ എബ്രഹാം തങ്ങളെ വന്ന് കണ്ടതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. 2021 ഒക്ടോബറിൽ കൊച്ചിയിലെ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പരാതിക്കാർ ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്.

പരാതിയിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കാനായി ജോലിയടക്കമുള്ള പ്രത്യുപകാരങ്ങൾ എബിൻ എബ്രഹാം വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാർ പറയുന്നു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് എബിൻ എബ്രഹാം രംഗത്തെത്തി. കെ സുധാകരനെ വേട്ടയാടാനുള്ള ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നില്ലെന്നാണ് എബിൻ എബ്രഹാം വ്യക്തമാക്കുന്നത്. പരാതിക്കാരെ കണ്ട സമയത്ത് ഇപ്പോൾ ഉന്നയിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസ് നിലവിലില്ലെന്നും ഇല്ലാത്ത കേസിന്റെ പരാതിക്കാരെ എങ്ങനെ സ്വാധീനിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.