മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; പോലീസ് സ്റ്റേഷനുകളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു

ഇംഫാൽ: മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു. പോലീസ് സ്റ്റേഷനുകളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നത്. സംസ്ഥാനത്ത് നിരവധി ജനപ്രതിനിധികൾ അക്രമിക്കപ്പെടുകയും അവരുടെ വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മണിപ്പൂരിൽ കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികൾ തീവെച്ചിരുന്നു. കേന്ദ്ര മന്ത്രി ആർ കെ രഞ്ജൻ സിങിന്റെ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ ഇംഫാലുള്ള വസതിയ്ക്ക് അക്രമികൾ തീവെയ്ക്കുകയായിരുന്നു. സംഭവ സമയത്ത് മന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. ആയിരത്തിലധികം പേർ സംഘടിച്ചെത്തി വീട് വളഞ്ഞായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കലാപകാരികൾ പെട്രോൾ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളയുകയായിരുന്നു. പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ സമയം വീടിന് കാവലുണ്ടായിരുന്നത്. എന്നാൽ, ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കലാപകാരികൾ വീടിനും ചുറ്റും നിരന്ന് പെട്രോൾ ബോംബുകൾ വലിച്ചെറിയുകയായിരുന്നു.

അതേസമയം, സംസ്ഥാന മന്ത്രിയുടെ ഔദ്യോഗിക വസതിയും കഴിഞ്ഞ ദിവസം അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഏക വനിതാമന്ത്രിയായ നെംച കിപ്‌ജെന്റെ വീടിനാണ് അക്രമികൾ തീവച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സംസ്ഥാന ബിജെപി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നു. ബിജെപി നേതാവും വനം-വൈദ്യുതി മന്ത്രിയുമായ തോംഗം ബിശ്വജിത് സിങ്ങിന്റെ വീടിനും ഓഫീസിനും നേരെയും ആക്രമണം ഉണ്ടായി.

വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ഒരു പോലീസ് സ്റ്റേഷനും പോലീസിന്റെ ആയുധപുരയും കൊള്ളയടിക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഈ ശ്രമം പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.