ചെന്നൈ: പണം വാങ്ങി വോട്ട് ഇടുന്നതിനെതിരെ വിമർശനവുമായി തമിഴ് നടൻ വിജയ്. പണം വാങ്ങി വോട്ട് നൽകുന്നവർ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അങ്ങനെ കൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുൻപ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂവെന്ന് വിജയ് ചൂണ്ടിക്കാട്ടി.
നാളത്തെ വോട്ടർമാരാണ് നിങ്ങൾ. കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന് നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയണം. നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. എന്നാൽ, നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾക്കു പിന്നിൽ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച് പഠിക്കണം. അംബേദ്കർ, പെരിയാർ, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും വിജയ് കൂട്ടിച്ചേർത്തു.

