കോഴിക്കോട്: സിപിഎമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എകെജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. 2016-ൽ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കിൽ ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങൾക്കെതിരെയുള്ള അന്വേഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ മാധ്യമ നയങ്ങളെ എതിർക്കുന്ന സിപിഎം നേതാക്കൾ കേരളത്തിൽ വരുമ്പോൾ തങ്ങൾ ഈ നാട്ടുകാരല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇങ്ങനെ ഒരു അടിമ പണി പാർട്ടിയുടെ ദേശീയ നേതാക്കൾ ചെയ്യുന്നത് ഒരുപക്ഷേ ഡൽഹിയിലെ എകെജി ഭവന്റെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതിനാലായിരിക്കാം. എല്ലാ കാലത്തും കേരളം ഭരിക്കാമെന്ന് സിപിഎം കരുതരുത്. ബംഗാളിലേയും, ത്രിപുരയിലേയും അനുഭവത്തിൽ നിന്നും അവർ അത് പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
മൂന്ന് വർഷം കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. തങ്ങളോട് കാണിക്കുന്ന രീതി അന്ന് തിരിച്ചും കാണിക്കേണ്ടി വരും. പിണറായിക്കെതിരെ ലാവ്ലിൻ കേസ് ഉയർന്നുവന്നപ്പോൾ പ്രതികാര നടപടികളിലേക്ക് നീങ്ങരുതെന്നായിരുന്നു കോൺഗ്രസിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്നും കെമുരളീധരൻ കൂട്ടിച്ചേർത്തു.

