നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മത്സരത്തിന് കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ആംആദ്മി മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഹകരണത്തിനില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടികളിലേക്ക് പോകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

എന്നാൽ, ഇരു പാർട്ടികളുടെയും നിലപാട് പ്രതിപക്ഷ ഐക്യനീക്കങ്ങളിൽ കല്ലുകടിയാകാനാണ് സാധ്യത. എല്ലാ സംസ്ഥാനങ്ങളിലും അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെ തകർക്കുന്ന ഉപാധിയാണ് ആം ആദ്മി പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഡൽഹിയിലും പഞ്ചാബിലും മാറിനിന്നാൽ അത്് ബിജെപിയെ വളർത്തലാകും. രാജസ്ഥാനിലും മധ്യപ്രദേശിലും എഎപി മാറി നിന്നത് കൊണ്ട് കോൺഗ്രസിന് പ്രയോജനമില്ലെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന്റെ നിലപാടിനെതിരെ എഎപി ഉറച്ച് നിന്നാൽ പ്രതിപക്ഷ ഐക്യനിരയുടെ തുടർ നീക്കത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.