ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ സർവീസുകൾ ഉടൻ; കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണനയിൽ

തിരുവനന്തപുരം: ലോകോത്തര യാത്രാനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് ആരംഭിക്കുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണനയിലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂർ, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, മംഗളൂരു-കോഴിക്കോട്, നിലമ്പൂർ-മേട്ടുപാളയം റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന.

200 കിലോമീറ്ററാണ് വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി. വന്ദേ മെട്രോ ട്രെയിനുകൾക്ക് പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും ഉണ്ടാകില്ല. വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം 130 കിലോമീറ്റർ ആയിരിക്കും. പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക.

സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വന്ദേ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത്. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് നവംബറിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് പുറത്തിറക്കും.