പോക്‌സോ കേസ്; മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിൽ വിധി പറഞ്ഞ് കോടതി. മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പോക്‌സോ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ലാണ് കേസിനാല്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് മോൻസനെതിരെയുള്ള കേസ്.

കേസിന്റെ വിചാരണ ആരംഭിച്ചത് 2022 മാർച്ചിലാണ്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പീഡന പരാതി നൽകിയത്. ചൊവ്വാഴ്ച കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്നാണ് മോൻസൻ മാവുങ്കൽ വ്യക്തമാക്കുന്നത്.