ലക്നൗ: അയോദ്ധ്യയിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് യോഗി സർക്കാർ. അയോദ്ധ്യയിൽ 212.5 കോടി രൂപയുടെ പദ്ധതികളാണ് യോഗി ആദിത്യനാഥ് സർക്കാർ ആവിഷ്‌ക്കരിക്കുന്നത്. അയോദ്ധ്യയുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ടുള്ള 44 പദ്ധതികളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഇതിന് പുറമെ 1763.2 കോടി രൂപയുടെ 38 പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
2024 ജനുവരിയിൽ അയോദ്ധ്യയിൽ അതിവിശിഷ്ടമായ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കും. ഇതിന് മുന്നോടിയായാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. ശ്രീരാമ ജന്മഭൂമിയായ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്യത്വത്തിൽ നടക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ദീപാവലി വേളയിൽ, പുണ്യഭുമിയിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വർഷം അവസാനത്തോടെ അയോദ്ധ്യയിൽ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാകും. ധർമ്മ നഗരിയുടെ വികസനത്തിനാണ് ഉത്തർപ്രദേശ സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

