യാത്രയ്ക്കിടെ വസ്തുവകകൾ മോഷ്ടിക്കപ്പെട്ടാൽ റെയിൽവേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാൻ കഴിയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകൾ മോഷ്ടിക്കപ്പെട്ടാൽ അത് റെയിൽവേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. യാത്രക്കാർ സ്വന്തം വസ്തുക്കൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കു മേൽ ചുമത്താൻ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ട സുരേന്ദർ ഭോല എന്ന വ്യാപാരിക്ക് റെയിൽവേ ഒരു ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ (എൻ.സി.ഡി.ആർ.സി.) ഉത്തരവ് കോടതി അസാധുവാക്കുകയും ചെയ്തു.

2005 ഏപ്രിൽ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാശി വിശ്വനാഥ് എക്സ്പ്രസിൽ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സുരേന്ദറിന്റെ ഒരു ലക്ഷം രൂപ കവർച്ച ചെയ്യപ്പെടുകയായിരുന്നു. തുണികൊണ്ട് അരയിൽ കെട്ടിയായിരുന്നു ഇദ്ദേഹം പണം സൂക്ഷിച്ചിരുന്നത്. റിസർവ്ഡ് ബെർത്തിലായിരുന്നു സുരേന്ദർ യാത്ര ചെയ്തത്. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്നു നോക്കുമ്പോൾ തുണി ബെൽറ്റും പണവും കാണാനില്ലായിരുന്നുവെന്നാണ് ഇദ്ദേഹം നൽകിയ പരാതി. ട്രൗസറിന്റെ വലതുഭാഗം കീറിയ നിലയിൽ ആയിരുന്നെന്നും സുരേന്ദർ വ്യക്തമാക്കി.

പണം മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് റെയിൽവേയോട് നഷ്ടപരിഹാരം തേടി ഇദ്ദേഹം ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകി. തുടർന്ന് റെയിൽവേ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൻ.സി.ഡി.ആർ.സി. ഉത്തരവിട്ടു. ഇതിനെതിരേ റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്നാണ് സുപ്രീം കോടതി ഈ ഉത്തരവ് അസാധുവാക്കിയത്.