കാട്ടുപൂച്ചയുടെ കടിയേറ്റു: വാക്സിൻ എടുത്തിട്ടും മധ്യവയസ്‌കൻ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റ മധ്യവയസ്‌കൻ പേവിഷബാധയേറ്റ് മരിച്ചു. മുഹമ്മദ് റാഫിയാണ് മരിച്ചത്. 48 വയസായിരുന്നു. കൊല്ലം നിലമേലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി.

റാഫിയുടെ മുഖത്ത് കാട്ടുപൂച്ച കടിച്ചത് കഴിഞ്ഞ മാസം 22 നാണ്. പേവിഷബാധ ലക്ഷണങ്ങളോടെ 12 -ാം തീയതി ഇദ്ദേഹത്തെ പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 14-ാം തീയതി മരണം സംഭവിക്കുകയായിരുന്നു. പാലോട് എസ്ഐഎഡിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കടിയേറ്റതിന് പിന്നാലെ റാഫി പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നു.