ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷം രാജ്യത്ത് നിന്ന് 17,35,286 ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 63,969.14 കോടി രൂപയാണ് കയറ്റുമതി വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13,69,264 ടണ്‍ കയറ്റുമതിയിലൂടെ 57,586.48 കോടി രൂപയുമായിരുന്നു നേടിയത്. ഇതോടെ കയറ്റുമതിയില്‍ 26.73 ശതമാനം വര്‍ദ്ധനയാണ് കൈവരിച്ചത്.
അതേസമയം, യുഎസ് പോലുള്ള പ്രധാന കയറ്റുമതി വിപണികളില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും ഉയര്‍ന്ന കയറ്റുമതി നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ചെയര്‍മാന്‍ ഡിവി സ്വാമി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40.98 ശതമാനം വര്‍ദ്ധനയോടെ 7,11,099 ടണ്‍ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതുവഴി 43,135.58 കോടി രൂപയുടെ വരുമാനം നേടി. ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,75,662 ടണ്‍ ശീതീകരിച്ച ചെമ്മാന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ചൈന 1,45,743 ടണ്ണും യൂറോപ്യന്‍ യൂണിയന്‍ 95,377 ടണ്ണും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ 65,466 ടണ്ണും ജപ്പാന്‍ 40,975 ടണ്ണും മധ്യേഷന്‍ രാജ്യങ്ങള്‍ 31,647 ടണ്ണും ഇറക്കുമതി ചെയ്തു. കാരച്ചെമ്മീന്‍ കയറ്റുമതി 74.06 ശതമാനം വര്‍ദ്ധിച്ച് 31,213 ടണ്ണായി. ഇതുവഴി 2,564.71 കോടി രൂപയാണ് നേടിയത്. ജപ്പാനാണ് കാരച്ചെമ്മീനിന്റെ പ്രധാനവിപണി. എന്നാല്‍, വനാമി ചെമ്മീന്‍ കയറ്റുമതി 8.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാമത്തെ മികച്ച കയറ്റുമതി ഉത്പന്നമായ ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതിയില്‍ 21.24 ഷതമാനം വര്‍ദ്ധനയാണ് കൈവരിച്ചത്. സുറീമി, ശീതീകരിച്ച ഒക്ടോപസ് (നീരാളി), ടിന്നിലടച്ച ഉത്പന്നങ്ങള്‍ തുടങ്ങിയ ഇതര വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചു.

