തിരുവനന്തപുരം: ചലച്ചിത്ര രംഗത്തു നിന്നുള്ളവർ തുടർച്ചയായി പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോ വ്യക്തിയും ബിജെപിയിൽ നിന്ന് പോകുന്നത് നിർഭാഗ്യകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കിൽ അത് തങ്ങൾ പരിശോധിക്കും. ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് പാർട്ടിവിടുന്നതെന്നും അദ്ദേഹം അറിയിച്ചു. സംവിധായകന്മാരായ രാമസിംഹൻ അബൂബക്കർ, രാജസേനൻ, നടൻ ഭീമൻ രഘു എന്നിവർ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
രാമസിംഹൻ അലി അക്ബർ നേരത്തെ തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതാണ്. ഏഴ് മാസം മുമ്പ് ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെക്കുന്നതായി പറഞ്ഞിരുന്നു. വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. രാജസേനൻ ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. നിയമസഭയിൽ മത്സരിക്കാനുള്ള അവസരം നൽകി. എല്ലാ പാർട്ടി വേദികളിലും മാന്യമായ ഇടം നൽകി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാകാരൻമാർക്ക് ഏറ്റവും നല്ല പരിഗണനയാണ് ബിജെപി നൽകുന്നത്. മറ്റു പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും ദിവസേന ബിജെപിയിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. പുതുതായി പാർട്ടിയിലേക്ക് വരുന്ന എല്ലാവർക്കും മാന്യവും അർഹവുമായ സ്ഥാനങ്ങൾ നൽകുന്നുണ്ട്. പിന്നെ വലിയ അധികാരങ്ങളൊന്നും കേരളത്തിൽ വീതിച്ച് നൽകാനില്ല. മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി. കേരളത്തിൽ എല്ലാവരുടേയും പ്രതീക്ഷകൾക്കനുസരിച്ച് സ്ഥാനമാനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് തങ്ങളുടെ കുഴപ്പമല്ല, നിലവിലുള്ള സാഹചര്യം അങ്ങനെയാണ്. ആരേയും അവഗണിച്ചിട്ടില്ല. ഭീമൻരഘു പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം പാർട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

