ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി കോടതി. ബെംഗളൂരു കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് നടപടി.
യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാൽപ്പത് ലക്ഷത്തോളം രൂപ നൽകിയെന്നാണ് കോടതി വ്യക്തമാക്കിയത്. മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ല. ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേർക്കുമൊപ്പം പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

