തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; തോൽവി പരിശോധിക്കാൻ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ചർച്ചചെയ്ത് അംഗീകരിച്ച് സിപിഎം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ചർച്ചചെയ്ത് അംഗീകരിച്ച് സിപിഎം. എ കെ. ബാലനും ടി പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകാരം നൽകിയത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകളുണ്ടായെന്ന് എം വി ഗോവിന്ദൻ ചർച്ചയിൽ പറഞ്ഞു. ആദ്യം ഒരു സ്ഥാനാർഥിയുടെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടിവന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നടപടികൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജില്ല- സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

അഡ്വ. കെ എസ്. അരുൺകുമാറിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിലുള്ളവർ താത്പര്യപ്പെട്ടിരുന്നത്. എന്നാൽ, പി രാജീവിന്റെ നേതൃത്വത്തിലുള്ളവർ മറ്റൊരു സ്ഥാനാർഥിക്കും നീക്കം നടത്തി. ഇത് ചിലനേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ചില നേതാക്കൾക്ക് മറ്റുചില താത്പര്യങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.