കേരളത്തിന്റെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ അറിയിച്ചു.

വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എത്രയും പെട്ടെന്നു കൈക്കൊള്ളാന്‍ ധാരണയായി. കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയക്കുന്നതിലുള്ള താല്‍പര്യവും അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.