അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന ലയണല്‍ മെസിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോണി. ‘അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങളും നോക്കിക്കാണുന്നുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നയാളാണ് അദ്ദേഹം. അടുത്ത ലോകകപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെ ഇപ്പോള്‍ അതുസംബന്ധിച്ച് പ്രതികരിക്കുന്നത് അനുചിതമായിരിക്കും- സ്‌കലോണി പറഞ്ഞു.
അദ്ദേഹം ഇപ്പോള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. കാലം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് നമുക്ക് നോക്കാം, ഇപ്പോഴും പത്തുവര്‍ഷം കഴിഞ്ഞാലും അദ്ദേഹത്തിന് പന്ത് തട്ടാന്‍ കഴിയും- സ്‌കലോണി പറഞ്ഞു. ബീജിങില്‍ ആസ്ട്രേലിയയുമായി അര്‍ജന്റീനക്ക് സൗഹൃദ മത്സരമുണ്ട്. ഇതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’- ഇങ്ങനെയായിരുന്നു മെസിയുടെ വാക്കുകള്‍.

