എറണാകുളം: മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൻ മാവുങ്കിലിന്റെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഡ്വ.മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യേപക്ഷ സമർപ്പിച്ചിരിക്കുന്നത്.
രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് ഹർജിയിൽ പറയുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ കെ സുധാകരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീർക്കാനും, സമൂഹ മധ്യത്തിൽ തന്റെ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്ന് ജാമ്യേപക്ഷയിൽ വ്യക്തമാക്കുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ 23 ന് മാത്രമേ ഹാജരാകാൻ കഴിയുകയുള്ളുവെന്ന് സുധാകരൻ അറിയിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് പുതിയ നോട്ടീസ് നൽകി.

