ഏകീകൃത സിവിൽ കോഡ്; പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും തേടി നിയമ കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിയമ കമ്മീഷൻ നിർദേശങ്ങളും അഭിപ്രായങ്ങളും തേടി ഉത്തരവിറക്കി. 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

2016 -ൽ ഒന്നാം മോദി സർക്കാർ ഏകീകൃത സിവിൽ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 22-ാമത് നിയമ കമ്മീഷനാണ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് വീണ്ടും നിർദേശങ്ങൾ ആരാഞ്ഞിരിക്കുന്നത്.

നിയമ കമ്മീഷൻ വെബ്സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങൾക്കും അംഗീകൃത മത സംഘടനകൾക്കും നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാം. മൂന്ന് വർഷത്തിന് മുൻപ് 21-ാം നിയമ കമ്മിഷൻ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിവിധ കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്.