ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ബൈക്ക് പാഞ്ഞെത്തി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ബൈക്ക് പാഞ്ഞെത്തി. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിനു നേരെ ബൈക്ക് പാഞ്ഞെത്തുകയായിരുന്നു. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.

സംഭവത്തെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം വിശദീകരണം തേടി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അദ്ദേഹത്തിന്റെ വസതിക്ക് സമീപത്തേക്കെത്തിയ രണ്ട് ബൈക്കുകളിൽ ഒന്നാണ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുംവിധം സമീപത്തേക്ക് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്.