ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന ഇ ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
‘ഗതാഗത വകുപ്പില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ജൂനിയര്‍ ട്രേഡ്സ്മാന്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്കകളില്‍ നിയമനം നല്‍കുന്നതിന് സെന്തില്‍ ബാലാജി അനധികൃതമായി പണം കൈപ്പറ്റി. മന്ത്രിയുടെ അടുത്ത സഹായികളായ ബി ഷണ്മുഖം, എം കാര്ത്തികേയന് എന്നിവരാണ് ഇടപാട് നടത്തിയത്. ഈ തസ്തികകളില്‍ നിയമനത്തിനായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് തിരുത്തി. പണം നല്‍കിയിട്ടും കൂടുതല്‍ പേര്‍ക്കും നിയമന ഉത്തരവ് ലഭിച്ചില്ല. ബാലാജിയുടെ പി എയ്ക്കാണ് പണം നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രസ്താവനയിലുണ്ട്. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും ബാലാജിയുടെ ഭാര്യ മേഘലയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും നിക്ഷേപം നടത്തിയതായി ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തെളിയിക്കുന്നു’- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, സെന്തില്‍ ബാലാജിയെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അദ്ദേഹത്തെ ഈ മാസം 28 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

