അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് മെസി

അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. 2026ല്‍ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്പോര്‍ട്സിനോടാണ് താരം വെളിപ്പെടുത്തിയത്.

ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അര്‍ജന്റീനന്‍ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.

‘ഞാന്‍ മുമ്ബ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാന്‍ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു. ‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറില്‍ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’-മെസി വ്യക്തമാക്കി.