സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ല; ഇ പി ജയരാജൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത വിഷയത്തിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൊഴിയുള്ളത് കൊണ്ടാണ് സുധാകരനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോൻസന്റെ സഹായി തന്നെ കെ സുധാകരന് മോൻസൻ മാവുങ്കൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ല. നിയമസഭാ കൈയ്യാങ്കളി കേസിൽ തനിക്ക് പങ്കുണ്ട്. അക്കാര്യം നിഷേധിക്കുന്നില്ല. തന്റെ കൺമുന്നിൽ വെച്ച് തങ്ങളുടെ വനിതാ എംഎൽഎമാരെ കൈയ്യേറ്റം ചെയ്തപ്പോൾ മിണ്ടാതിരിക്കണോയെന്ന് ജയരാജൻ ചോദിച്ചു.

അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. വാച്ച് ആന്റ് വാർഡിനെ അടക്കം ഇറക്കി സഭക്കകത്ത് പ്രകോപനം ഉണ്ടാക്കിയത് യുഡിഎഫായിരുന്നു. ഈ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പിൻവലിച്ചത് നിയമപരമായി കാര്യങ്ങൾ പരിശോധിച്ച ശേഷമാണെന്നും ഇ പി കൂട്ടിച്ചേർത്തു.