ലോക്സഭാ തിരഞ്ഞെടുപ്പ്; മന്ത്രിയായും എംപിയായും മികച്ച പ്രകടനം പുറത്തെടുത്തവരെ മത്സരിപ്പിക്കാൻ ബിജെപി

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീക്കങ്ങൾ ശക്തമാക്കാൻ ബിജെപി. പത്ത് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ പതിനെട്ടോളം രാജ്യസഭാ എംപിമാരെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. മന്ത്രിയായും എം.പിയായും മികച്ച പ്രകടനം പുറത്തെടുത്തവരെ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോട് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനം ആരംഭിക്കാനും ബിജെപി നിർദ്ദേശം നൽകിയെന്നാണ് വിവരം. മികവ് പുലർത്തിയ ചില എം.എൽ.എമാരും ബിജെപിയുടെ പരിഗണനയിലുണ്ട്. നിർമലാ സീതാരാമൻ, പീയുഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ, മൻസൂക്ക് മാണ്ഡവ്യ, ഹർദീപ് പുരി, എസ്. ജയശങ്കർ, പുരുഷോത്തം രൂപാല തുടങ്ങിയ നേതാക്കൾ പട്ടികയിലുണ്ടെന്നാണ് സൂചന.

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുൻ എംപിയുമായ എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. ലക്ഷദ്വീപിൽ നിന്നായിരിക്കും അബ്ദുള്ളക്കുട്ടി മത്സരിക്കുക. രണ്ട് ടേം പൂർത്തിയാക്കിയ രാജ്യസഭാ എംപിമാരോട് മത്സരിക്കാൻ താത്പര്യമുള്ള മൂന്ന് സീറ്റുകളുടെ പട്ടിക നൽകാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.