സാമ്പത്തിക തട്ടിപ്പ് കേസില്‍ മോണ്‍സന്റെ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത് ഇഡി

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മോന്‍സന്‍ മാവുങ്കലും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത് ഇഡി. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരന്‍ ജൂണ്‍ 23ന് ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചു.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച കെ സുധാകരന്‍ പത്ത് ദിവസത്തെ സാവകാശം തേടി. ജൂണ്‍ 23ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും കെ.സുധാകരന്‍ തുടങ്ങി.

2018 നവംബര്‍ 22ന് ഉച്ചക്ക് രണ്ട് മണിക്ക് മോണ്‍സന്റെ വീട്ടില്‍ കെ സുധാകരന്റെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ചാണ് ഇഡിയുടെ നീക്കങ്ങള്‍. അന്നെടുത്ത ഫോട്ടോകള്‍ ഗാഡ്ജറ്റുകളില്‍ നിന്നും സൈബര്‍ ഫോറന്‍സിക്ക് വഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അന്ന് മോന്‍സനെ ചികിത്സക്കായി കണ്ടുവെന്നും എന്നാല്‍ പരാതിക്കാരുമായി ഇടപെടുകയോ സാമ്പത്തിക വിനിമയം അറിയുകയോ ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം.