തൃശ്ശൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കേസിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
‘സത്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതലായി എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് ചോദിക്കാനുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് താത്പര്യമില്ല? നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങളില്ല!’- യെച്ചൂരി് പ്രതികരിച്ചു.
അതേസയമം, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന്, മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലിനോട് യെച്ചൂരി പ്രതികരിച്ചിരുന്നു. ‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മോദി സര്‍ക്കാര്‍ മാധ്യമ ഉള്ളടക്കത്തെ കയ്യടക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാകില്ല’, എന്നായിരുന്നു ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനോട് സി.പി.എം. ദേശീയ സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കുന്നത് പാര്‍ട്ടി നയമല്ല. തങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായാലും സര്‍ക്കാരോ പാര്‍ട്ടിയോ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കില്ല. കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ലെന്നും കാരാട്ട് അവകാശപ്പെട്ടിരുന്നു.

