‘ബി.ജെ.പി.യെന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസുമായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാര്‍’: എം.എ ബേബി

തൃശ്ശൂര്‍: ബി.ജെ.പി.യെന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനോടു പോലും എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കോസ്റ്റ് ഫോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഇ.എം.എസ്.’ സ്മൃതിയില്‍ ‘നവലോകക്രമം- ഐക്യരാഷ്ട്ര പ്രഖ്യാപനത്തിന്റെ അരനൂറ്റാണ്ട്’ എന്നവിഷയത്തില്‍ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഇക്കാര്യത്തില്‍ എന്തു ത്യാഗത്തിനും സി.പി.എം. തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും യോജിച്ചുനിന്നാണ് സി.പി.എമ്മിനെ ആക്രമിക്കുന്നത് എന്നതൊന്നും ഇക്കാര്യത്തില്‍ പരിഗണിക്കില്ല. 1991-ലും 2004-ലും ഈ സമീപനം തന്നെയാണ് സി.പി.എം. സ്വീകരിച്ചത്’- എം എ ബേബി വ്യക്തമാക്കി. പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ള സി.പി.എം, ബി.ജെ.പി. വിരുദ്ധമുന്നണിയെ മുന്നില്‍നിന്ന് നയിക്കുമെന്ന് പറഞ്ഞാല്‍, പ്രായോഗികമായി നടക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ധനമൂലധനത്തിന്റെ കാലഘട്ടം’ എന്ന വിഷയത്തില്‍ പ്രൊഫ. പ്രഭാത് പട്‌നായിക്കും ‘ഡോളര്‍ അധീശത്വം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഡോ. തോമസ് ഐസക്കും ചങ്ങാത്ത മുതലാളിത്തം എന്ന വിഷയത്തില്‍ പ്രൊഫ. ആര്‍. രാംകുമാര്‍, പ്രൊഫ. സുര്‍ജിത് മജുംദാര്‍ എന്നിവരും ‘അസമത്വലോകം’ എന്ന വിഷയത്തില്‍ ഡോ. പി.കെ. ബിജു, പ്രൊഫ. വികാസ് റാവല്‍, പ്രൊഫ. മിനി സുകുമാര്‍ എന്നിവരും ശേഷം പ്രബന്ധമവതരിപ്പിച്ചു.