ന്യൂഡൽഹി: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 8000 കോടി രൂപയുടെ പുതിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളിൽ അഗ്നിശമന സേവനങ്ങൾ വിപുലീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനങ്ങളിൽ അഗ്നിശമന സേവനങ്ങൾ വിപുലീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ പദ്ധതി, മുംബൈ, ചെന്നൈ ഉൾപ്പടെ ഏഴ് മെട്രോ നഗരങ്ങൾക്ക് 2,500 കോടി രൂപയുടെ പ്രതേക പദ്ധതി. കൂടാതെ 17 സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ ലഘൂകരണത്തിനായി 825 കോടിയുടെ പദ്ധതി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വിവിധ തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട് രക്ഷാ ദൗത്യവും, ദുരന്ത നിവാരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്താൻ സാധിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളും മികച്ചതാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിമാരുമായുള്ള പ്രകൃതി ദുരന്തമായും അല്ലാതെയും പുതിയ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആസൂത്രണം ആവശ്യമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

