അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിലെ നിയമസാധുത പരിശോധിക്കും: മന്ത്രി എം.ബി രാജേഷ്

മലപ്പുറം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ പറയാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കണ്ണൂര്‍ മട്ടന്നൂരിനടുത് നീര്‍വേലിയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് മൂന്നര വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുഴതിയിലും യുകെജി വിദ്യാര്‍ത്ഥിയെ തെരുവ് നായകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

പുഴാതിയിലെ യുകെജി വിദ്യാര്‍ത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകള്‍ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്. നായകള്‍ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.