മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന് പരാതി: ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിലാണ് ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസെടുത്തത്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കിയാണ് കേസ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ വി ജെ എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നാണ് ആശുപത്രിയിക്കും ഡോക്ടർമാർക്കുമെതിരെയുള്ള ആരോപണം. വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്ന് കോടതിയുടെ നിരീക്ഷിച്ചു. തുടർന്നാണ് പ്രതികൾക്ക് കോടതി സമൻസ് അയച്ചത്.

മലേഷ്യൻ പൗരനാണ് എബിന്റെ അവയവങ്ങൾ ദാനം ചെയ്തത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.