ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിൽ കാലതാമസം; പണിമുടക്ക് പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാർ

തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാർ. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ മാസം 30-നാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ യൂണിയനുകളുടെ പങ്കാളിത്തത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് ചേർന്ന വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്ടകരണത്തിന് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിൽ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ വ്യക്തമാക്കുന്നത്.

കെഎസ്ബിസി ബോർഡ് 2021 ജൂണിൽ ശമ്പള വർദ്ധനവ് ഫയൽ അംഗീകരിച്ചതായി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിക്കണമെന്നായിരുന്നു സർക്കാർ അറിയിച്ചതെന്ന് കെഎസ്ബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. നടപടി വൈകിക്കുന്നത് വഴി ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളി വിട്ടതാണെന്നാണ് യൂണിയനുകളുടെ ആരോപണം.