ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് ഇന്തൊനീഷ്യ, ബള്‍ഗേറിയ, കിര്‍ഗിസ്ഥാന്‍, മംഗോളിയ, കസാഖ്സ്ഥാന്‍ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്.
ഈ രാജ്യങ്ങളില്‍ വച്ചു നടന്ന ടൂര്‍ണമെന്റുകളില്‍ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തി താരങ്ങള്‍ ഏപ്രില്‍ 21ലെ എഫ്ഐആറില്‍ ആരോപിച്ചിരുന്നു. ‘എഫ്ഐആറുകള്‍ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ ഫെഡറേഷനുകള്‍ക്കു നോട്ടിസ് അയച്ചിരുന്നു. അവരില്‍ ചിലര്‍ മറുപടിയും നല്‍കിയിട്ടുണ്ട്’- ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍, പരിശീലകര്‍, റഫറിമാര്‍ എന്നിവരുള്‍പ്പെടെ 200ല്‍ അധികം ആളുകളില്‍നിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണിന്റെ ഡബ്ല്യുഎഫ്ഐയിലെ സഹപ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

