മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളത്; മോൻസൻ മാവുങ്കലുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ

കൊച്ചി: തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ താൻ എങ്ങനെ പ്രതിയായി എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മോൻസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കണ്ണിന്റെ ചികിത്സക്കായാണ് മോൻസന്റെ അടുത്ത് പോയത്. കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോൻസൻ മാവുങ്കലിന്റെ അടുത്തേക്ക് പോയത്. അയാൾ വ്യാജനാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാൾക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് കേസിന് പോകേണ്ടെന്ന് തീരുമാനിച്ചുവെന്ന് കെ സുധാകരൻ അറിയിച്ചു.

മോൻസന്റെ കൂടെയുണ്ടായിരുന്നവരെ അറിയില്ല. ഏതോ സിനിമാനടനും അവിടെയുണ്ടായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ അല്പം മാറി മൂന്ന് പേർ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ ആരാണെന്ന് തനിക്ക് അറിയില്ല. മോൻസൺ എവിടേയും തന്റെ പേര് പറഞ്ഞിട്ടില്ല. മോൻസൺ മാവുങ്കൽ കേസിൽ പ്രതിയാണെന്ന് തന്നെ ആരും അറിയിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ചിൽ നിന്ന് നോട്ടീസ് ലഭിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. കോഴിക്കോട്ട് ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. അതുകാണിച്ച് കത്ത് കൊടുക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മൂഢസ്വർഗത്തിലെ കൂപമണ്ഡൂകമാണ് മുഖ്യമന്ത്രി. കാലം കരുതിവെച്ചത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റിനെതിരേയും പ്രതിപക്ഷനേതാവിനെതിരേയുമെല്ലാം കേസെടുത്ത് തങ്ങളെ ഇരുത്തിക്കളയാമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ജയിലിൽ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.