കെ. വിദ്യ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പ്രിന്‍സിപ്പല്‍; ഇല്ലെന്ന് പോലീസ്‌

പാലക്കാട്: വ്യാജരേഖ ഹാജരാക്കിയ കേസില്‍ കെ. വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ലീലാകുമാരി പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം.

വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നു. എന്നാല്‍ കോളേജിലെത്തിയ പോലീസ് ആ ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകും. അക്കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍, കോളേജിലെ സിസിടിവി ബാക്ക്അപ് അഞ്ച് ദിവസത്തേക്ക് മാത്രമുള്ളതാണെന്നാണ് കോളേജില്‍ തെളിവെടുപ്പിനെത്തിയ സന്ദര്‍ഭത്തില്‍ സിഐ മാധ്യമങ്ങളോട് പ്രതികരിച്ചത്. പക്ഷേ സിസിടിവിക്ക് 12 ദിവസത്തെ ബാക്ക്അപ് ഉണ്ടെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. അഭിമുഖം കഴിഞ്ഞ് മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ തന്നെ വിദ്യയെ സംശയം തോന്നിയതായും വിദ്യയെ ഫോണില്‍ വിളിച്ച് ലഭ്യമാകാതെ വന്നപ്പോള്‍ മഹാരാജാസ് കോളേജിനെ ബന്ധപ്പെടുകയും അവര്‍ നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയതായും പ്രിന്‍സിപ്പല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ അറിയിച്ചു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖകള്‍ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേര്‍ത്തു.