കേരളത്തിന്റെ മദ്യനയം; പുതിയ നിര്‍ദ്ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കയറ്റി അയക്കാന്‍ ശുപാര്‍ശ ചെയ്ത് മദ്യനയം. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാല്‍ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും.

സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സ്പിരിറ്റ് ഉല്‍പ്പാദനം നടക്കാത്തതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് മദ്യ ഉല്‍പ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. വെള്ളത്തിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും ലഭ്യത കുറവ്, പാരിസ്ഥിക പ്രശ്‌നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്ലറികളില്‍ സ്പിരിറ്റ് ഉല്‍പ്പാദനത്തിന്റെ തടസ്സം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുള്ള നികുതിവരുമാനമാണ് ലക്ഷ്യവയ്ക്കുന്നത്. നിലവില്‍ ചില ബ്രാന്റുകള്‍ മാത്രമാണ് കയറ്റി അയക്കുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കണമെങ്കില്‍ നിലവില്‍ മദ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. ഒപ്പം കൂടുതല്‍ ഡിസ്ലറികള്‍ക്ക് അനുമതി നല്‍കേണ്ടിയും വരും.

പുതിയ നിര്‍ദ്ദേശങ്ങള്‍

ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കും

വ്യാജ കള്ള് തടയാനായി ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും.

ഷാപ്പുകളെല്ലാം ആധുനികവല്‍ക്കരിക്കും.

ടൂറിസവുമായി സഹരിച്ച് പുതിയ പദ്ധതികള്‍ തയ്യാറാക്കും.

പഴവര്‍ഗങ്ങളില്‍ നിന്നും കര്‍ഷക സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്‌ക്കോ വഴി വില്‍ക്കും.

ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുക.

ഉല്പാദനം കൂട്ടുമ്പോള്‍ മറുവശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡ്-തദ്ദേശ തലത്തിലുമുണ്ടാക്കി ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സ്ഥിരമായി സോഷ്യല്‍ ഓഡിറ്റ് നടത്തും സ്ഥിരം ലഹിരകടത്തുകാരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള നടപടികള്‍ വര്‍ദ്ധിപ്പിക്കും.