മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശം; കെ ബി ഗണേഷ് കുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് ബിജെപി നേതാക്കൾ

ന്യൂഡൽഹി: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് ബിജെപി നേതാക്കൾ. മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശത്തിലാണ് പത്തനാപുരത്തെ മണ്ഡലം പ്രസിഡന്റ് എ.ആർ അരുൺ, അഡ്വ.കല്ലൂർ കൈലാസ് നാഥ് എന്നിവർ മുഖേന ഗണേഷ് കുമാറിന് നോട്ടീസ് അയച്ചത്.

ഗാന്ധിജിയെ നിഷ്‌കരുണം വധിച്ചത് ആർഎസ്എസ് ആണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. കഴിഞ്ഞ ഏപ്രിലിൽ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗാന്ധിവധത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് വക്കിൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരുത്തരവാദപരമായി ഗണേഷ് കുമാർ എംഎൽഎ നടത്തിയ പ്രസ്താവന ആർഎസ്എസിന്റെയും പ്രവർത്തകരുടെയും സത്കീർത്തിക്ക് കോട്ടം തട്ടിച്ചെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രചാരണം വീണ്ടും തുടർന്നാൽ മാനവഷ്ടക്കേസ് നൽകാനാണ് ബിജെപി നേതാക്കളുടെ തീരുമാനം.