ബംഗളൂരു: ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവസാന ആറ് മാസത്തില്‍ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതായി കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവും അറിയിച്ചു.
അര്‍ഹരായ ആളുകള്‍ക്കും സംഘടനകള്‍ക്കുമായിരിക്കണം സര്‍ക്കാര്‍ ഭൂമി ലഭ്യമാകേണ്ടത്. സംഘടനകളുടെ പേരില്‍ അനുവദിക്കുകയും പിന്നീട് ചില സ്വകാര്യ വ്യക്തികള്‍ കൈയേറുകയും ചെയ്ത ഭൂമിയും തിരിച്ചെടുക്കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജാതി-മത ഭേദമന്യേ സംഘടനകള്‍ക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ അനുവദിച്ച ഭൂമി പുനഃപരിശോധിക്കും. യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് ഭൂമി കൈപ്പറ്റിയ സംഘടനകളെ ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്ത് നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആര്‍എസ്എസിന്റെയും സംഘപരിവാര്‍ അനുബന്ധ സംഘടനകളുടെയും പേരില്‍ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ റാവു ആരോപിച്ചു. സംഘടനകള്‍ക്ക് ഇത്തരത്തില്‍ ഭൂമി അനുവദിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം പഠിക്കുമെന്നും ഗൗഡ പറഞ്ഞു. ‘ഭൂമി പതിച്ചുനല്‍കുന്നത് രഹസ്യമായി നടക്കരുത്. എല്ലാം പൊതുജനങ്ങളെ അറിയിക്കണം. അതിനാല്‍ ഭൂമി അനുവദിക്കുന്നത് പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ നടപടിയെടുക്കും’- റാവുവും വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസിന്റെ നടപടി പ്രതികാരതിന്റെ പുറത്താകരുതെന്ന് ബിജെപി നേതാവ് ഡോ. സി എന്‍ അശ്വന്ത് നാരായണ്‍ പറഞ്ഞു. സര്‍ക്കാര്‍ ആളുകളെ പ്രാപ്തരാക്കുകയും പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യേണ്ടവരാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തികള്‍ പക്ഷപാതപരമാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. എല്ലാ വിഷയങ്ങളും പരിശോധിക്കാനും അവ തിരിത്താനും സര്‍ക്കാരിന് അവകാശമുണ്ട്. പക്ഷേ, അത് പ്രതികാരം തീര്‍ക്കാനാവരുത്. സഹായങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍. അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും പ്രധാനമാണ്. സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കരുത്’-അദ്ദേഹം പറഞ്ഞു.

