സര്‍ക്കാര്‍-എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കും: എം.വി ഗോവിന്ദന്‍

കൊച്ചി: കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

സര്‍ക്കാര്‍-എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കും. മാധ്യമ പ്രവര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ല. റിപ്പോര്‍ട്ടറെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍, അത് ആരെയായാലും അവര്‍ക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാരാജാസ് കോളേജില്‍ വ്യാജരേഖാ കേസിലെ കെഎസ്യു പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ജൂണ്‍ ആറിനാണ് അഖില പോയത്. ആ സമയത്ത് കെഎസ്യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിന്‍സിപ്പലിന്റെയും കെഎസ്യു പ്രവര്‍ത്തകരുടെയും തത്സമയ പ്രതികരണം അഖില തേടുകയും ഉണ്ടായി. ഈ ഘട്ടത്തില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി എം ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന നിലയിലാണ് അഖില റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.