കണ്ണൂർ: കോൺഗ്രസ് പുനസംഘടനാ തർക്കം കോടതിയിലേക്ക് നീങ്ങുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് ഹർജിക്കാരൻ. പ്രസിഡന്റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്‌ക്കെതിരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവരെ പ്രതി ചേർത്ത് തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച്ച. പ്രശ്‌നങ്ങളെല്ലാം കെപിസിസി അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പോര് കനക്കുകയാണ്. എ, ഐ. ഗ്രൂപ്പുകൾ പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ. വേണുഗോപാൽ- വി ഡി സതീശൻ- കെ. സുധാകരൻ ഗ്രൂപ്പുകൾ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പങ്കിട്ടെടുത്തുവെന്ന വികാരമാണ് ഇരുഗ്രൂപ്പുകളും പ്രതിഫലിപ്പിക്കുന്നത്.

