തിരുവനന്തപുരം: ബിജെപി വിട്ട് സിപിഎം അംഗത്വം സ്വീകരിക്കാൻ നടൻ ഭീമൻ രഘു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടി പ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീമൻ രഘു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കൊല്ലം പത്തനാപുരത്തു നിന്നാണ് അദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. നടനും സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറും നടൻ ജഗദീഷുമായിരുന്നു ഭീമൻ രഘുവിന്റെ എതിരാളികൾ.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമൻ രഘു പാർട്ടി വിടുന്നത്. നേരത്തെ സംവിധായകൻ രാജസേനനും ബിജെപി വിട്ടിരുന്നു. ബിജെപിയിൽ നിന്ന് തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നതെന്ന് രാജസേനൻ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണന നേരിട്ടു. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. കലാരംഗത്ത് പ്രവർത്തിക്കാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി സിപിഎം ആണ്. താനിപ്പോൾ മനസുകൊണ്ട് സിപിഎം ആണ്. ബിജെപി സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

