തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായാൽ നട്ടെല്ലും തന്റേടവും വേണമെന്നും അത്തരമൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സി ദിവാകരന്റെ പരാമർശം. ന്യായമെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ നടത്താൻ അധികാരവും തന്റേടവും പിണറായി വിജയൻ എപ്പോഴും പ്രകടമാക്കിയതായി സി ദിവാകരൻ വ്യക്തമാക്കി.
വ്യാജരേഖ, മാർക്ക് ലിസ്റ്റ് വിവാദങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായവും സി ദിവാകരൻ തുറന്നു പറഞ്ഞു. യുവജനങ്ങളുടെ ഇത്തരം കാര്യങ്ങളിൽ ഇടത് രാഷ്ട്രീയ നേതൃത്വം ഗൗരവതരമായി ഇടപെടണം. തങ്ങളുടെ ചെറുപ്പകാലത്ത് അന്ന് മുതിർന്ന നേതാക്കളായ എം എൻ ഗോവിന്ദൻ നായർ, സി അച്യുതമേനോൻ എന്നിവരെല്ലാം ഇടപെട്ടിരുന്നു. കൃത്യമായി ഗൈഡ് ചെയ്താൽ രാഷ്ട്രീയ രംഗത്ത് നല്ല സമ്പത്താണ് യുവജനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ആത്മകഥയായ കനൽ വഴികളിലൂടെ എന്ന പുസ്തകത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആത്മകഥ എന്നത് തന്റെ രക്തമാണ്, തന്റെ ജീവരക്തം അതിൽ ഒഴുകിയിട്ടുണ്ട്. തന്റെ രാഷ്ട്രീയ ജീവിതം എന്നത് യാദൃശ്ചികതയാണെന്നും അദ്ദേഹം അറിയിച്ചു.
60 വയസിന് ശേഷമാണ് ആദ്യമായി പാർലമെന്ററി രംഗത്തെത്തിയത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനിൽ നിന്നാണ് അതിന് ശക്തമായ പിന്തുണ ലഭിച്ചത് ഏറെ എതിർപ്പുകളെ അതിജീവിച്ചാണ് മത്സരരംഗത്തെത്തിയത്. പാർട്ടി സെക്രട്ടറിമാരിൽ ഏറ്റവും തന്റേടിയും കരുത്തനുമായി തനിക്ക് തോന്നിയത് വെളിയം ഭാർഗവനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

