കുമളി: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്ക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. അരിക്കൊമ്പൻ നേരത്തെയുണ്ടായിരുന്നത് തമിഴ്നാട്- കേരള അതിർത്തിയോട് ചേർന്നുള്ള കോതയാർ ഡാമിനടുത്തായിരുന്നു.
പതുക്കെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന് വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ തമിഴ്നാട്ടിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേയ്ക്കും അവിടെനിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് അധികൃതർക്കും കൈമാറുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തെളിവായി അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ വിശദമാക്കി.

