അഗ്നി പ്രൈം മിസൈൽ ഉടൻ സേനയിൽ വിന്യസിക്കും; രാത്രികാല പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യ നിർമിച്ച അത്യാധുനിക മധ്യദൂര ബലിസ്റ്റിക് മിസൈൽ ആയ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയം. മിസൈൽ ഉടൻ സേനയിൽ വിന്യസിക്കും എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം ദ്വീപിൽ ആണ് മിസൈലിന്റെ രാത്രികാല പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിലൂടെ മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും തെളിയിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി. 1000-2000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും എന്നതാണ് മിസൈലിന്റെ പ്രത്യേകത. രണ്ട് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലിന് ആണവായുധ പോർമുന വഹിക്കാനും ശേഷിയുണ്ട്.

കടലിൽ നിർത്തിയിട്ട 2 കപ്പലുകളിൽ സ്ഥാപിച്ച റഡാർ, ടെലി മെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ മിസൈലിന്റെ സഞ്ചാര പാത നിരീക്ഷിച്ചിരുന്നു. ഡി ആർ ഡി ഒയിലെയും സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

നേരത്തെ മിസൈലിന്റെ മൂന്നു പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇത് മൂന്നും മിസൈലിന്റെ കൃത്യത തെളിയിച്ചിരുന്നു. അതേസമയം, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഡി ആർ ഡി ഒയേയും സായുധ സേനയെയും അഭിനന്ദിച്ചു. മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.