പുതിയ നേതാക്കൾക്ക് സ്വീകാര്യത പോര; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ. പുതിയ നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിൽ അകലം വന്നതായി അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പുതിയ നേതാക്കൾക്ക് സ്വീകാര്യത പോരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രശ്‌നം പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. മുതിർന്ന നേതാക്കളടക്കം ഉന്നയിച്ച വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും പോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പാർട്ടിയിലുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണ്. എന്നാൽ പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാനും തയ്യാറാണ്. എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എംപിമാർ മാറി നിന്നാൽ കോൺഗ്രസിന് പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. അതുണ്ടാക്കാൻ താൽപ്പര്യപ്പെടുന്നില്ല. അത് കൊണ്ടാണ് മത്സരിക്കാമെന്ന് പറയുന്നത്. കേരളത്തിൽ പ്രവർത്തിക്കാൻ ഒരുപാട് നേതാക്കളുണ്ട്. ഡൽഹിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള നേതാക്കൾ അവിടെ പ്രവർത്തിക്കട്ടെ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണ്. വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുത്. കണ്ണടച്ചുള്ള എതിർപ്പ് ജനങ്ങളെ എതിരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ശശി തരൂരിനെ മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം. ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. ഈ സമയത്ത് ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. പ്രശ്‌നങ്ങളുണ്ടെങ്കിൽ ആർക്കും ഹൈക്കമാന്റിനെ സമീപിക്കാം. പക്ഷേ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നു. അത് വേണ്ടിയിരുന്നില്ല. താനൊരു ഫ്രാക്ഷനും ഒപ്പമല്ല. ഗ്രൂപ്പ് മറന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് എല്ലാവരും ഓർമ്മിക്കണം. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നോക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.