തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസിൽ കുറ്റപത്രം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കുറ്റംപത്രം തയ്യാറാക്കിയത്. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നൽകി. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് തുടങ്ങിയവരും കേസിലെ പ്രതികളാണ്.
മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

