കോളേജുകളില്‍ ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കും: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വ്യാജരേഖ ചമച്ച വിഷയത്തില്‍ തെറ്റു ചെയ്തത് കെ വിദ്യയാണെന്നും കോളേജ് പ്രിന്‍സിപ്പലിന് അതില്‍ പങ്കില്ലെന്നും, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് പങ്കില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെല്ലിന്റെ ഘടന ഇങ്ങനെ…

കോളേജ് പ്രിന്‍സിപ്പാള്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി) ചെയര്‍പേഴ്സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അദ്ധ്യാപകര്‍ (അതിലൊരാള്‍ വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ത്ഥികളില്‍നിന്നും അവരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി, എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി എന്നിവരും സമിതിയിലുണ്ടാകും. ഇതിനുപുറമെ, പിടിഎ പ്രതിനിധി, സര്‍വകലാശാലാ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന അദ്ധ്യപകന്‍/അദ്ധ്യാപിക എന്നിവരും ഉണ്ടാവും.

കാലാവധി എത്ര? തിരഞ്ഞെടുപ്പ് എങ്ങനെ? എപ്പോള്‍?

വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പിടിഎ പ്രതിനിധിക്കും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അദ്ധ്യാപകര്‍ക്കും ഒരുവര്‍ഷവും, സര്‍വകലാശാലാ പ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷവുമായിരിക്കും അംഗത്വകാലാവധി. സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാര്‍ത്ഥികളില്‍നിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടൊപ്പമായിരിക്കും നടത്തുക. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ തുടരും. ആവശ്യമായ ഘട്ടങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കും. ആറ് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കണം.ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം.

ഭൂരിപക്ഷാടിസ്ഥാനത്തില്‍ സെല്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചെയര്‍പേഴ്‌സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെല്‍ കണ്‍വീനറെ സമിതിക്ക് തിരഞ്ഞെടുക്കാം.സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇത് സര്‍വകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങളും സര്‍വകലാശാലയില്‍ അറിയിക്കും. ഇതിനായി ഒരു പ്രത്യേക ഓഫീസര്‍ക്ക് ചുമതല നല്‍കും.

എന്തൊക്കെ പരാതിപ്പെടാം…

പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തത്,സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നല്‍കുന്ന സേവനങ്ങള്‍ക്ക് അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്ള കുറവുകള്‍, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേര്‍തിരിവുകളുണ്ടാക്കല്‍, അധികാരികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സഹവിദ്യാര്‍ത്ഥികളില്‍നിന്നും ജീവനക്കാരില്‍നിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തില്‍ നിലവിലുള്ള സംവിധാനങ്ങളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെല്ലില്‍ പരാതിനല്‍കാം. സര്‍വകലാശാലാ നിയമങ്ങള്‍ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും. വിദ്യാര്‍ത്ഥികളുടെ അവകാശരേഖ’യില്‍ പറയുന്ന അവകാശങ്ങള്‍ ഉറപ്പാക്കലും സെല്ലിന്റെ അധികാരപരിധിയില്‍ വരും.

പരാതികള്‍ക്കുമേല്‍ സര്‍വകലാശാലാ തലത്തില്‍ അപ്പീല്‍സംവിധാനം ഉണ്ടാകും. കോളേജുതല സമിതിയുടെ തീരുമാനത്തിന്മേല്‍ ആക്ഷേപം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന ഇങ്ങനെയായിരിക്കും: പ്രൊ-വൈസ് ചാന്‍സലര്‍ (ചെയര്‍പേഴ്‌സണ്‍), വിദ്യാര്‍ത്ഥിവിഭാഗം ഡീന്‍/ഡയറക്ടര്‍ (കണ്‍വീനര്‍), സിന്‍ഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകര്‍ (ഇതില്‍ ഒരു വനിതയും എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കില്‍ കുറയാത്ത ഒരു സര്‍വ്വകലാശാലാ ഉദ്യോഗസ്ഥന്‍. ഈ യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകള്‍ പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെണ്‍കുട്ടികള്‍, എസ്സി-എസ്ടി വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും.ഇന്റേണല്‍ മാര്‍ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താന്‍ സര്‍വ്വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കൃത്യവിലോപം വരുത്തുന്നവര്‍ക്കെതിരെ നടപടി വേണ്ടി വരും. കോളേജ് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ പരാതി ഉണ്ടെങ്കില്‍ സമീപിക്കാനുള്ള സര്‍വകലാശാല തല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തും.ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതാവും നിര്‍ദ്ദിഷ്ട ‘വിദ്യാര്‍ത്ഥികളുടെ അവകാശരേഖ’ (Charter of Students Rights). രേഖ ഉടന്‍ സര്‍വ്വകലാശാല നിയമത്തിന്റെ ഭാഗമാക്കും.

സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ജീവനി സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് – സ്വാശ്രയ കോളേജുകളിലും ജീവനി നടപ്പാക്കുമെന്നത് നിര്‍ദ്ദിഷ്ട ‘വിദ്യാര്‍ത്ഥികളുടെ അവകാശരേഖ’ യുടെ ഭാഗമാകും. അതോടെ എല്ലാ കോളേജുകളിലും കൗണ്‍സിലിംഗ് ലഭ്യമാകുക എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമായി മാറും.