തിരുവനന്തപുരം: സിനിമ സെറ്റിൽ ഷാഡോ പോലീസിനെ ഏർപ്പെടുത്താനുള്ള നടപടിയെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചതിന് പിന്നാലെ മറുപടിയുമായി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. സിനിമ സെറ്റിലെ മയക്കുമരുന്ന് ഉപയോഗത്തിൽ പോലീസിന്റെ പരിശോധന തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂണിഫോമിട്ട പോലീസ് അല്ല ഉള്ളതെന്നും തൊഴിൽ തടസ്സപ്പെടാതിരിക്കാനാണ് ഷാഡോ പോലീസിനെ നിയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ബി ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞാൽ അത് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
സംവിധായകൻ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽമുറിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്‌സൈസ് ഇന്റലിജൻസ് വിംഗിന്റെ റെയ്ഡ് നടന്നത്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംവിധായകനെതിരെ വിവരം കൊടുത്തവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. നജീം കോയയെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടു വരുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

